Pages

ശ്രീശാന്തിന്റെ കാമുകി ജയ്പൂര്‍ രാജകുമാരി?

ദില്ലി: ശ്രീശാന്തിനെ ഒത്തുകളി വിവാദത്തില്‍ കുടുക്കിയത് അവന്റെ കല്യാണം മുടക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ഒത്തുകളിക്കേസില്‍ ശ്രീ പിടിയിലായ അന്ന് സഹോദരീഭര്‍ത്താവായ മധു ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അമ്മ സാവിത്രിയമ്മയും അച്ഛന്‍ ശാന്തകുമാരന്‍ നായരും ശ്രീശാന്തിന്റെ വിവാഹം ഉടനെ നടക്കാനിരിക്കയായിരുന്നു എന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ആരായിരുന്നു ശ്രീശാന്തിന്റെ പ്രതിശ്രുതവധു? ശ്രീശാന്ത് വിവാഹം ചെയ്യാനിരുന്നത് രാജസ്ഥാനിലെ രാജകുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒത്തുകളിക്കേസില്‍ ജയിലിലായ ശേഷവും ശ്രീശാന്തുമായി ഇവര്‍ ബന്ധം പുലര്‍ത്തിവരുന്നതായി മാതൃഭൂമി പത്രമാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. ശ്രീശാന്തിന്റെ അമ്മ സാവിത്രിയമ്മയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ഈ പെണ്‍കുട്ടിയെ അറിയൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.

കനത്ത സ്ത്രീധനം നല്‍കിയാണ് ജയ്പൂര്‍ കുടുംബം ശ്രീശാന്തിനെ വരനായി സ്വന്തമാക്കാന്‍ ഒരുങ്ങിയതത്രേ. പെണ്‍കുട്ടി ശ്രീശാന്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു എന്നും സൂചനയുണ്ട്. എന്നാല്‍ ഒത്തുകളി വിവാദത്തിനിടെ കേട്ട ബ്ലാക്ബറി ഫോണ്‍ സമ്മാനവുമായി ഈ പെണ്‍കുട്ടിക്ക് ബന്ധമില്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയും ഇതല്ല എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശ്രീശാന്തുമായി ചേര്‍ത്ത് സിനിമാ നടി ലക്ഷ്മിറായിയുടെ പേര് ഗോസിപ്പുകോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീശാന്തുമായി ബന്ധമില്ലെന്നും ഒരു വ്യവസായിയുമായി താന്‍ പ്രണയത്തിലാണെന്നും അടുത്തിടെ ലക്ഷ്മി റായി വെളിപ്പെടുത്തിയിരുന്നു.