Pages

മകളെ വാഷിംഗ് മെഷീനിലും മകനെ ബക്കറ്റിലും മുക്കിക്കൊന്ന് അമ്മ ജീവനൊടുക്കി

സ്വന്തം മകളെ വാഷിംഗ് മെഷീനിലും മകനെ ബക്കറ്റിലുമിട്ടു മുക്കിക്കൊന്നതിനു ശേഷം അമ്മ ജീവനൊടുക്കി. ഡല്‍ഹിയിലെ മാന്‍ഡവാലിയിലായിരുന്നു സംഭവം നടന്നത്. 

ഡല്‍ഹി സ്വദേശി സരിതയെന്ന (30) യുവതിയാണ് തന്റെ രണ്ടു മക്കളെയും ക്രൂരമായി കൊന്നിട്ട് ആത്മഹത്യ ചെയ്തത്. ആറു വയസുകാരിയായ മകളെ വാഷിംഗ്‌മെഷിനിലിട്ടും പതിനൊന്ന് മാസം പ്രായമുള്ള മകനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയതിനു ശേഷം സരിത വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ആത്മഹത്യയ്ക്ക് എന്താണു കാരണമെന്നു അറിവായിട്ടില്ല. ഇവരുടെ പക്കല്‍ നിന്ന് ആത്മഹത്യ കുറിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല. സരിതയുടെ ഭര്‍ത്താവ് ഉച്ചകഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോളാണ് വിവരം അറിയുന്നത്. 

മരണം നടന്നതിന്റെ തലേ ദിവസം രാത്രിയില്‍ സരിതയുടെ വീട്ടില്‍ നിന്ന് ബഹളം നടന്നിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കും ഒരു ഭാഗവും തള്ളിക്കളയില്ലെന്നും പൊലീസ് പറഞ്ഞു.